Press "Enter" to skip to content

സൗദിയിൽ സ്മാർട്ട് ചിപ്പോട് കൂടിയ പുതിയ തിരിച്ചറിയൽ കാർഡ്..! സ്മാർട്ട് ചിപ്പിൽ എല്ലാ വിവരങ്ങളും…

റിയാദ് – സ്മാർട്ട് ചിപ്പിൽ കൂടുതൽ വിവരങ്ങൾ ഉൾപ്പെടുത്തിയ പുതിയ സൗദി തിരിച്ചറിയൽ കാർഡ് ആഭ്യന്തര മന്ത്രി അബ്ദുൽ അസീസ് ബിൻ സൗദ് രാജകുമാരൻ ഉദ്ഘാടനം ചെയ്തു. സൗദി തിരിച്ചറിയൽ കാർഡുകളുടെ മൂന്നാം തലമുറയാണിത്. അറബിയും ഇംഗ്ലീഷുമുള്ള പുതിയ തിരിച്ചറിയൽ കാർഡിൽ ഏറ്റവും മികച്ച സാങ്കേതിക വിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. മികച്ച സുരക്ഷാ മാനദണ്ഡങ്ങൾ കാർഡിന്റെ സവിശേഷതയാണ്. വ്യക്തിഗത വിവരങ്ങൾ സുരക്ഷിതമാക്കിയിരിക്കുന്ന കാർഡ്, ഇന്റർനാഷണൽ സിവിൽ ഏവിയേഷൻ ഓർഗനൈസേഷന്റെ സാങ്കേതിക മാനദണ്ഡങ്ങളും പാലിച്ചിട്ടുണ്ട്.

ഫാമിലി കാർഡ് വിവരങ്ങൾ, ഡ്രൈവിംഗ് ലൈസൻസ് വിവരങ്ങൾ, പാസ്‌പോർട്ട് വിവരങ്ങൾ എന്നിവയെല്ലാം കാർഡിലെ സ്മാർട്ട് ചിപ്പിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഉടമയുടെ അടിസ്ഥാന ആരോഗ്യ വിവരങ്ങളും കാർഡിലെ ചിപ്പിൽ ഉൾപ്പെടുത്താൻ കഴിയും. സൗദി പൗരന്മാർക്കും വിദേശികൾക്കും ഏറ്റവും മികച്ച സേവനങ്ങളും സുരക്ഷാ മാനദണ്ഡങ്ങളും ഉറപ്പാക്കുന്നതിന് അത്യാധുനിക സംവിധാനങ്ങൾ ഉപയോഗിക്കാനാണ് തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനും ആഗ്രഹിക്കുന്നതെന്ന് ആഭ്യന്തര മന്ത്രി പറഞ്ഞു.

ആഭ്യന്തര സഹമന്ത്രി ഡോ. ബന്ദർ ബിൻ അബ്ദുല്ല അൽമുശാരി രാജകുമാരൻ, ദേശീയ സുരക്ഷാ ഏജൻസി മേധാവി അബ്ദുൽ അസീസ് അൽഹുവൈരിനി, ആഭ്യന്തര മന്ത്രാലയ അണ്ടർ സെക്രട്ടറിമാരായ ഡോ. നാസിർ അൽദാവൂദ്, മേജർ ജനറൽ അബ്ദുറഹ്മാൻ അൽജൽഊദ് തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.

error: Content is protected !!