Press "Enter" to skip to content

ബ്ലാസ്റ്റേഴ്സിനെതിരെ കൊച്ചിയില് പന്തു തട്ടാന് അദ്ഭുത ഗോളടിച്ച 19കാരനും

കൊച്ചിയില് നടക്കുന്ന പ്രീ സീസണ് ടൂര്ണ്ണമെന്റിന് മുന്നോടിയായി യുവതാരം റെയ്ലി മക്ഗ്രീയെ ടീമിലെത്തിച്ച് മെല്ബണ് സിറ്റി എഫ് സി. കഴിഞ്ഞ ഓസ്ട്രേലിയന് ലീഗ് സീസണില് ന്യൂകാസില് ജെറ്റ്സിന്റെ താരമായിരുന്നു മക്ഗ്രീ. സീസണ് സെമിഫൈനലില് മെല്ബണ് സിറ്റിക്കെതിരെ കളിച്ച താരം സ്കോര്പിയോണ് കിക്കിലൂടെ ഗോളടിച്ച് ഫുട്ബോള് ലോകത്തെ അമ്പരപ്പിച്ചിരുന്നു.

മത്സരത്തില് മെല്ബണ് സിറ്റി പരാജയപ്പെടുകയും ചെയ്തു. അന്ന് നോട്ടമിട്ട താരത്തെ ഈ മാസമാദ്യമാണ് മെല്ബണ് സിറ്റി ടീമിലെത്തിച്ചത്. ബെല്ജിയം ഒന്നാം ഡിവിഷന് ക്ലബ് ബ്രഗ്ഗേയില് നിന്നാണ് മക്ഗ്രീ കഴിഞ്ഞ സീസണില് ന്യൂകാസില് ജെറ്റ്സിലും ഇത്തവണ മെല്ബണ് സിറ്റിയിലും ലോണടിസ്ഥാനത്തില് എത്തിയത്.

കൊച്ചിയിലും അതു പോലൊരു വണ്ടര് ഗോളിന് ശ്രമിക്കുമെന്ന് 19കരനായ താരം പറയുന്നു. എന്നാല് പ്രധാന ലക്ഷ്യം കളി ജയിക്കുകയെന്നതാണെന്നും മക്ഗ്രീ കൂട്ടിച്ചേര്ത്തു. ഓസ്ട്രേലിയന് അണ്ടര് 23 ടീമില് 2 മത്സരങ്ങള് കളിച്ച താരം ഒരു ഗോള് നേടിയിട്ടുണ്ട്.

ജൂലൈ 24 മുതലാണ് മെല്ബണ് സിറ്റിക്കും കേരള ബ്ലാസ്റ്റേഴ്സിനും പുറമേ, ലാ ലിഗ ക്ലബ് ജിറോണ എഫ് സിയും പങ്കെടുക്കുന്ന പ്രീ സീസണ് ടുര്ണ്ണമെന്റ് കൊച്ചിയില് നടക്കുന്നത്. ബ്ലാസ്റ്റേഴ്സ് ആരാധകര് ഏറെ ആവേശത്തോടെയാണ് ടൂര്ണ്ണമെന്റിന് വേണ്ടി കാത്തിരിക്കുന്നത്. ഇന്ത്യയില് ഇതാദ്യമായാണ് വമ്പന് ക്ലബുകള് പങ്കെടുക്കുന്ന പ്രീ സീസണ് ടൂര്ണ്ണമെന്റ് നടക്കുന്നത്.

error: Content is protected !!